
എനാത്ത് 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൻമേൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാദിമംഗലം കുന്നിട എന്ന സ്ഥലത്ത് ഉഷാഭവനം വീട്ടിൽ ഉമേഷ് കൃഷ്ണൻ (38) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇയാൾ 31 ഓളം കേസുകളിൽ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു. കേസുകളിൽ ഏറെയും അടിപിടി, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോയി കവർച്ച, ഭീഷണിപ്പെടുത്തി കവർച്ച,കഞ്ചാവിന്റെ ഉപയോഗം,ഹാഷിഷ് ഓയിലിന്റെ ഉപയോഗം, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി കഞ്ചാവ് കടത്ത്, ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ, കാപ്പ നിയമലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ തുടങ്ങിയവയാണ്.മുൻപും
2023 ൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ നടപ്പാക്കിയിട്ടുള്ളതാണ്. എന്നാൽ തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ആന്ധ്രപ്രദേശിലേക്ക് കടക്കുകയും അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും പിടിക്കപ്പെട്ട ഒരു വർഷത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നാട്ടിലെത്തിയ ഇയാൾ 2026 ജനുവരിയിലും ലഹരി മരുന്നു കേസിൽ ഉൾപ്പെട്ടിരുന്നു. തുടർച്ചയായി അടിപിടി അക്രമം ലഹരിമരുന്ന് കച്ചവടം മുതലായവ നടത്തി വന്ന ഇയാളെ കാപ്പ നിയമം ഉപയോഗിച്ച് കരുതൽ തടങ്കലിൽ ആക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ രജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇപ്പോൾ കരുതൽ തടങ്കലിൽ ആക്കിയിട്ടുള്ളത്.

