പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപം ഫ്രൂട്ട് സ്റ്റാളിൽ മോഷണം നടത്തിയ പ്രതിയെ പെരുനാട് പോലീസ് പിടികൂടി.
കോട്ടയം എരുമേലി സ്വദേശി എരുതുവാ പുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ (31) ആണ് പെരിനാട് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിആണ് വടശ്ശേരിക്കരയിലെ ഫ്രൂട്സ് കടയിൽനിന്ന് ഇയാൾ 22,500 രൂപയും സിസിടിവിയുടെ വൈഫൈ മോഡവും , വാച്ച് , ബ്ലൂടൂത്ത് സ്പീക്കർ , ഒരു കത്തി എന്നിവ മോഷ്ടിച്ച് കടന്നത്.
മോഷണം നടന്ന സ്ഥലത്തുനിന്നും പ്രതിയുമായി ബന്ധിപ്പിക്കാവുന്ന തരത്തിലുള്ള ചില സൂചനകൾ പോലീസിന് ലഭിച്ചതാണ് വളരെ വേഗം പ്രതിയെ കണ്ടെത്താൻ പോലീസിന് സഹായകമായത്.പെരുനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് എ ഒ മിഥുൻ അശോക് , എസ് സി പി ഒ വിജേഷ്, സി പി ഒ മാരായ അക്ഷയ് വേണു , അരുൺ എ എസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ എരുമേലിയിൽ നിന്നും പിടികൂടിയത്. പ്രതി കോട്ടയം ജില്ലയിലെ എരുമേലി , കാഞ്ഞിരപ്പള്ളി , കോട്ടയം വെസ്റ്റ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ് എന്ന് പോലീസ് പറഞ്ഞു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
വടശ്ശേരിക്കരയിൽ കടയിൽ മോഷണം നടത്തിയ പ്രതിയെ പെരുനാട് പോലീസ് പിടികൂടി.
പട്ടികജാതി വിഭാഗക്കാര്‍ക്ക് സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം/ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം/വയര്‍മാന്‍ പരിശീലനം/ആശ വര്‍ക്കര്‍ നിയമനം/പ്രവേശനം/ക്വട്ടേഷന്‍ ക്ഷണിച്ചു/ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം/ട്രെയിനി സ്റ്റാഫ് നിയമനം
പട്ടികജാതി വിഭാഗക്കാര്‍ക്ക് സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗക്കാരുടെ ഭവന പൂര്‍ത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് (സെക്യുര്‍ അക്കോമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതിയിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. ഒരു വീടിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ ഗഡുക്കളായി സഹായം ലഭിക്കും. ഒരു ലക്ഷം രൂപയാണ് ഗുണഭോക്താവിന്റെ വരുമാന പരിധി. 2006 ഏപ്രില്‍ ഒന്നിന് ശേഷം പൂര്‍ത്തിയാക്കിയിട്ടുള്ള 1000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ ഉള്ള കുടുംബങ്ങള്‍ക്കാണ് പദ്ധതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു അഞ്ച് വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും പരിഗണിക്കില്ല. മൂന്നു ഗഡുക്കളായാണ് തുക വിതരണം. മേല്‍ക്കൂര പൂര്‍ത്തീകരണം, ശുചിത്വ ടോയ്‌ലറ്റ് നിര്‍മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്‌ളോറിംഗ് ടൈല്‍ പാകല്‍, സമ്പൂര്‍ണ പ്ലാസ്റ്ററിംഗ്, വൈറ്റ് വാഷ്, ചുവര്‍ പെയിന്റ്ിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ് എന്നീ നിര്‍മാണ ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്ക് ആകെ അനുവദിക്കുന്ന രണ്ട് ലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും രണ്ടാം ഗഡു 1,00,000 രൂപയും മൂന്നാം ഗഡു 50,000 രൂപയും ആണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത്. വീടിന്റെ മേല്‍ക്കൂര പൂര്‍ത്തിയാക്കാത്തതിനാല്‍ നാലാം ഗഡു കിട്ടാത്തവര്‍ക്ക് കോണ്‍ക്രീറ്റ് ചെയ്യാന്‍ തുക അനുവദിക്കും. തുടര്‍ന്ന് നാലാം ഗഡു ലഭിക്കുമ്പോള്‍ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കണം. മേല്‍ക്കൂര ഷീറ്റിട്ടവര്‍ക്ക് പകരം കോണ്‍ക്രീറ്റു ചെയ്യാനും തുക അനുവദിക്കും. മേല്‍ക്കൂരയും ശൗചാലയവും ഇല്ലാത്ത, പൂര്‍ത്തിയാക്കാത്ത കുടുംബങ്ങള്‍, വനിതകള്‍ മാത്രമുള്ള കുടുംബം, ഭിന്നശേഷിക്കാര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, വിധവകള്‍ തുടങ്ങിയ 10 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലയ്ക്കും നിര്‍മിച്ച് പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും സഹായം ലഭിക്കും. അപേക്ഷകര്‍ ബ്ലോക്ക്, നഗരസഭ, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും ബ്ലോക്ക്, ജില്ല പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2322712.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിഷ്യന്‍) തസ്തികയിലെ ഒരു ഒഴിവില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: ഇലക്ട്രിഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/പവര്‍ ഇലക്ട്രോണിക്സ് ആന്റ് പവര്‍ സിസ്റ്റംസ് എഞ്ചിനീയറിംഗില്‍ ബിരുദം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ജാതി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഒക്ടോബര്‍ 16 രാവിലെ 10 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.
വയര്‍മാന്‍ പരിശീലനം
വയര്‍മാന്‍ പരീക്ഷ 2025 ല്‍ വിജയിച്ചവര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി ഒക്ടോബര്‍ 15 രാവിലെ 10 മുതല്‍ പത്തനംതിട്ട ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഏകദിന പരിശീലന പരിപാടി നടത്തും. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍ : eipta2014@gmail.com . ഫോണ്‍: 0468 2223123.
ആശ വര്‍ക്കര്‍ നിയമനം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ല്‍ ആശ വര്‍ക്കറുടെ ഒഴിവിലേക്ക ് വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒക്ടോബര്‍ 15 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. യോഗ്യത: പത്താം ക്ലാസ് വിജയം, വാര്‍ഡ് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 14 വൈകിട്ട് നാലിനു മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2350229.
പ്രവേശനം
കുളക്കട അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസന്‍ഷ്യല്‍ ഇംഗ്ലീഷ് ആന്റ് സോഫ്റ്റ് സ്‌കില്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9495999672, 6238984094.
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 26 മുതല്‍ 2027 ഒക്ടോബര്‍ 25 വരെ ഉണ്ടായേക്കാവുന്ന പാഴ്കടലാസ്, പാഴ് പ്ലാസ്റ്റിക്, കാര്‍ഡ് ബോര്‍ഡ്, കുടിവെള്ള കുപ്പികള്‍ എന്നിവ ശേഖരിച്ച് ഏറ്റെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 23 രാവിലെ 11. ഫോണ്‍: 0468 2222364.
താല്‍ക്കാലിക നിയമനം
തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വായ്പൂര്‍ എം.ആര്‍.എസ്.എല്‍.ബി.വി.ജി.എച്ച്.എസ്.എസ് ല്‍ എച്ച്.എസ്.ടി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഒക്ടോബര്‍ 14 രാവിലെ 11.30 ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8590345579.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. 20 നും 35 നും മദ്ധ്യേ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ കോഴ്സ് വിജയം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനം. ഡി.സി.എ, ഡി.ടി.പി, പി.ജി.ഡി.സി.എ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 16,000 രൂപ. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഒക്ടോബര്‍ 13 രാവിലെ 11 ന് റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0473 5227703.
ട്രെയിനി സ്റ്റാഫ് നിയമനം
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ‘ട്രെയിനി സ്റ്റാഫ്’ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ /ബി. ടെക് ഇന്‍ ഇ.സി.ഇ, ഇ.ഇ.ഇ, സി.എസ്, ഐ.ടി, എം.സി.എ, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10,000 രൂപ. പ്രായപരിധി 18 -35. https://forms.gle/LkedoQBmbYmb2LjP6 ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 വൈകിട്ട് അഞ്ച്. അഭിമുഖം ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഒക്ടോബര്‍ 23 രാവിലെ 09.30 മുതല്‍. ഫോണ്‍: 9495981763
ഒരു മാസം കൊണ്ട് അയ്യപ്പഭക്തരുടെ 70 ലധികം ഫോണുകൾ വീണ്ടെടുത്ത് നൽകി പമ്പ പോലിസ്
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബർ മാസം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 8 സംസ്ഥാനങ്ങളിൽ നിന്നായി 70 ലധികം ഫോണുകൾ പമ്പ പോലീസ് കണ്ടെത്തി.
CEIR പോർട്ടൽ വഴി രജിസ്റ്റർ ചെയ്തു ബ്ലോക്ക് ചെയ്തിരുന്ന ഫോണുകൾ ഉപയോഗിച്ചിരുന്ന ആളുകളെ ഫോൺ വഴി ബന്ധപ്പെട്ടും, നോട്ടീസ് നൽകിയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പമ്പ പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഉടമസ്ഥന് പാഴ്സലായി അയച്ചു കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 10 ലക്ഷത്തിലധികം മൂല്യമുള്ള ഫോണുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R ആനന്ദ് ന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട സൈബർ പോലീസ് ഉദ്യോഗസ്ഥരും പമ്പ പോലീസ് ഇൻസ്പെക്ടർ സി. കെ. മനോജിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ ഇരുപതിലധികം പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.
യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ പോലീസിൻ്റെ പിടിയിലായി
ക്രിമിനൽ സംഘത്തിലെ പ്രധാനിയുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് പന്തളം തുമ്പമണിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി
ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ പന്തളം പോലീസിന്റെ പിടിയിലായി.
ഇലവുംതിട്ട മുട്ടത്തുകോണം സ്വദേശി രാമൻചിറ തടത്തിവിളയിൽ വീട്ടിൽ ദീപക് ജോയ് ( 25 ), പ്രക്കാനം ചെന്നീർക്കര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ സജു സജി (24) , പ്രക്കാനം കൈപ്പിലാൽ പാറമേലേതിൽ ജോമോൻ മാത്യു (30), ഇലവുംതിട്ട നെടിയകാല കോട്ടൂർ പാറ തടത്തിൽ വീട്ടിൽ അഭിജിത്ത് സജി (21) എന്നിവരെയാണ് പന്തളം പോലീസ് അതിസാഹസികമായി പിടികൂടിയത്.
തുമ്പമൺ സ്വദേശി അജയൻ എന്ന യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞമാസം 26ന് രാത്രി ഒരുമണിയോടെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉണർന്നുവന്ന് കാര്യം അന്വേഷിച്ച അജയന്റെ ഭാര്യയോട് ഇയാൾ ജോലി ചെയ്യുന്ന ഫാമിൽ ഒരാവശ്യമുണ്ടെന്ന് സംഘത്തിലെ ദീപക് എന്നയാൾ പറഞ്ഞിരുന്നു. ബൈക്കിൽ കയറ്റി കൊണ്ടു പോയശേഷം തുമ്പമൺ ജംഗ്ഷനിൽ വച്ച് മറ്റൊരു കാറിലേക്ക് ബലമായി പിടിച്ചു കയറ്റി ഒന്നാം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.അവിടെ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും, മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇവർ യുവാവിനെ മർദ്ദിച്ചു. ദീപക് ആയിരുന്നു ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് എന്ന് യുവാവ് പരാതിയിൽ പറയുന്നു. ക്രൂര മർദ്ദനത്തിനുശേഷം,പ്രതിയായ ദീപക്കിന്റെ വീട്ടിൽ മർദ്ദനമേറ്റ അജയൻ രാത്രി അതിക്രമിച്ചു കയറിയരീതിയിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അവശനിലയിലായ യുവാവിനെ ഇവർ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാൽ കുടുംബത്തെ ആകെ അപായപ്പെടുത്തുമെന്ന് അജയനെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രധാന പ്രതിയായ ദീപക്ക് നാല് മാസംമുമ്പ് ജയിലിൽ ആയിരുന്ന സമയം ഇയാളുടെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിൻ്റെ പ്രതികാരത്തിലാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. അജയന് ദീപക്കിനെ മാത്രമേ കണ്ട് പരിചയമുണ്ടായിരുന്നുള്ളു.അജയൻ്റെ പരാതിയിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ൻ്റെ നിർദ്ദേശപ്രകാരം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. പന്തളം സിഐ ബാബു കുറുപ്പിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച് ഒ എബിൻ പ്രസാദ് ,സിവിൽ പോലീസ് ഓഫീസർമാരായ എസ് അൻവർഷ, കൃഷ്ണലാൽ, ബി അരുൺ, ഒ അഖിൽ, വിജയ്, അനുപ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി പന്തളം പോലീസ് കീഴടക്കുകയായിരുന്നു.
ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്. പ്രക്കാനത്തെ പ്രതികളിൽ ഒരാളുടെ വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ബാക്കി മൂവരേയും പിടികൂടിയത്. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായവർ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.
സംസ്ഥാനത്ത് 6000 സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ സ്ഥാപിച്ചു : മന്ത്രി എന്‍ ഷംസുദ്ദീന്‍
എല്‍.പി, യു.പി വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുക, കമ്പ്യൂട്ടര്‍ വല്‍ക്കൃത വിദ്യാഭ്യാസം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 6,000 സ്‌കൂളുകളില്‍ ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി നടപ്പാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. കുന്നന്താനം സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ഡോ. കെ ആര്‍ നാരായണന്‍ സെന്റിനറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള നൂറുദിന കര്‍മ്മപരിപാടിയില്‍ വിദ്യാഭ്യാസ മേഖലയിലെ ആധുനികവല്‍ക്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ സ്‌ക്വയര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിന്റെ 16 കര്‍മ്മപരിപാടികളും പൂര്‍ത്തിയായി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ അതിനുമുമ്പുള്ള ഇരുന്നൂറ് വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നമ്മുടെ കുട്ടികളെ ലോകരാജ്യങ്ങളില്‍ നിന്നുള്ളവരോടൊപ്പം മത്സരിക്കാന്‍ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനായി ഇന്നത്തെ കാലഘട്ടത്തിന്റെ ശാസ്ത്രമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നവസാങ്കേതികവിദ്യ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് കേരളത്തിന്റെ ധീര പുത്രനും മുന്‍ ഇന്ത്യന്‍ പ്രസിഡന്റുമായ കെ.ആര്‍. നാരായണന്റെ പേര് നല്‍കിയതിനെ മന്ത്രി പ്രശംസിച്ചു. സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
വര്‍ഗീസ് മാമന്‍ എംഎല്‍എ അധ്യക്ഷനായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മുന്‍ എംഎല്‍എ മാത്യു ടി തോമസ്, ജില്ല പഞ്ചായത്ത് അംഗം ബിജു റ്റി ജോര്‍ജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേങ്ങരിങ്ങാട്ട്, ബ്ലോക്ക് അംഗം രഞ്ജിനി അജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സി പ്രെനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റ്റി ഗീതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി സുനില്‍കുമാര്‍, വി പി രാധാമണിയമ്മ, വി വറുഗീസ് മാത്യു, പി റ്റി അലക്‌സ്, രമ്യ ഗോപിനാഥ്, ബാബു കുറുമ്പേശ്വരം, തിരുവല്ല ഡിഇഒ പി ആര്‍ മല്ലിക, മല്ലപ്പള്ളി എഇഒ ജയചന്ദ്രന്‍ നായര്‍, ജില്ല പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയന്തി തരുണ്‍, പ്രധാന അധ്യാപിക ജി ജയലളിത, സ്‌കൂള്‍ ലീഡര്‍ എ കെ ഹരിഗോവിന്ദ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമലമണ്ഡലമകരവിളക്ക്മഹോത്സവത്തോടനുബന്ധിച്ച്സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
2026 -27 ശബരിമല മണ്ഡല മകരവിളക്ക്മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ട്രാഫിക് നിയന്ത്രണത്തിനും മറ്റുമായി സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു. വിമുക്തഭടന്മാർ, പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് മുതലായ സംസ്ഥാന സേനകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ, NCC കേഡറ്റുകൾ, എന്നീ വിഭാഗങ്ങളിൽ നിന്ന് ഡ്യൂട്ടി ചെയ്യുവാൻ താല്പര്യമുള്ളവർ അതാത് പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് ഹാജരായി തിരിച്ചറിയൽ രേഖകൾ, ബാങ്ക് വിവരങ്ങൾ, ഫോട്ടോ മുതലായവ സഹിതം *ഒക്ടോബർ ആറിന് മുൻപായി* അപേക്ഷ നൽകണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മുൻ വർഷങ്ങളിൽ നിയമനം ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാത്തവർ , സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവർ , കേസുകളിൽ ഉൾപ്പെട്ടവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. 60 ദിവസത്തേക്ക് ആയിരിക്കും നിയമനം.
മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം/ആനപാപ്പാന്‍ നിയമനം/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ നിയമനം/ലൈഫ് ഗാര്‍ഡ് നിയമനം/വാഹനംആവശ്യമുണ്ട്/മസ്റ്ററിങ് തീയതി നീട്ടി/കുടിശ്ശിക നിവാരണ യജ്ഞം
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ നിയമനം
ഫിഷറീസ് വകുപ്പിന്റെ പത്തനംതിട്ട കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാമില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ,് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. ഉദ്യോഗാര്‍ഥികള്‍ ലൈസന്‍സ്, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, ആധാര്‍ സഹിതം ഒക്ടോബര്‍ എട്ട് രാവിലെ 11 ന് പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാമില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9745569181.
ആനപാപ്പാന്‍ നിയമനം
വനം വന്യജീവി വകുപ്പ് കോന്നി വനം ഡിവിഷനില്‍ ആനപാപ്പാന്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ക്യാപ്റ്റീവ് എലിഫന്റ് കൈകാര്യം ചെയ്യുന്നതിലും പരിപാലിക്കുന്നതിലും ആവശ്യമായ പരിചയം, ബന്ധപ്പെട്ട ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള നിശ്ചിത പരിചയം, ആനകളെ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ആരോഗ്യവും കായിക ക്ഷമതയും ഉണ്ടാകണം, കാഴ്ച, കേള്‍വി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഫിറ്റ്‌നസ്, ബന്ധപ്പെട്ട അധികാരി ആവശ്യപ്പെടുന്ന മറ്റ് യോഗ്യതകളും നിബന്ധനകളും പാലിച്ചിരിക്കണം, അംഗീകൃത ആന ഉടമസ്ഥനില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ ലഭിച്ച അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പാപ്പാന്‍/കാവടി പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 18-60 (നിയമാനുസൃതമായ വയസിളവ് ബാധകം). പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, തിരിച്ചറിയല്‍ രേഖ, വയസ് തെളിയിക്കുന്ന രേഖ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 12. ആനയുമായുളള പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഫോണ്‍: 0468 2342005, 8547600610.
മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു. ഫോണ്‍: 0469 2965535.
പരിശീലനത്തിന്റെ പേര്, തീയതി, സമയം ക്രമത്തില്‍
വ്യാവസായിക അടിസ്ഥാനത്തില്‍ കറവപ്പശു പരിപാലനം, ഒക്ടോബര്‍ 14-15, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
എരുമ വളര്‍ത്തല്‍, ഒക്ടോബര്‍ 28-29, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.
ശബരിമല തീര്‍ഥാടനകാലത്തെ റോഡ് സുരക്ഷയ്ക്ക് പത്തനംതിട്ടയ്ക്ക് 4.25 കോടി
16 റോഡ് സുരക്ഷാ പദ്ധതികള്‍ക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ഭരണാനുമതി- നാളുകളായുള്ള ആവശ്യം യാഥാര്‍ഥ്യമായി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് റോഡുകളില്‍ തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ (കെ.ആര്‍.എസ്.എ.) ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ജില്ലയില്‍ ആവശ്യപ്പെട്ടുവരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക ഫണ്ട്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റോഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് അനുവദിക്കണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിച്ചുവരികയായിരുന്നു എന്നും ഇപ്പോള്‍ അതിന് ഭരണാനുമതി ലഭിച്ചത് പത്തനംതിട്ട ജില്ലയ്ക്ക് വലിയ നേട്ടമാണ് എന്നും ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഐഎഎസ് പറഞ്ഞു.
റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പായി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്ന് ജില്ല കലക്ടര്‍ അറിയിച്ചു. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഓരോ പ്രവൃത്തിക്കും പി.ഡബ്ല്യു.ഡി. മാനുവല്‍ പ്രകാരം ആവശ്യമായ കുറഞ്ഞ സമയപരിധിയില്‍ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്ന് കെ.ആര്‍.എസ്.എ. നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ ശബരിമല റോഡ് സുരക്ഷയ്ക്കായി പി.ഡബ്ല്യു.ഡി സമര്‍പ്പിച്ച 60 പദ്ധതികള്‍ക്ക് ആകെ 13.1992 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 16 പദ്ധതികള്‍ക്കായി 4.25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ വിവിധ റോഡ് സെക്ഷനുകളിലായി റോഡ് സുരക്ഷാ നടപടികള്‍, ട്രാഫിക് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കല്‍, അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാന പദ്ധതികള്‍
ഏറ്റവും കൂടുതല്‍ തുക മണ്ണാറക്കുളഞ്ഞിപമ്പ റോഡില്‍ റോഡ് സുരക്ഷാ നടപടികള്‍ക്കായിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഒരു കോടി രൂപ.
കോഴഞ്ചേരി റോഡ്‌സ് സെക്ഷനില്‍ വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം, പന്തളം റോഡ്‌സ് സെക്ഷനില്‍ 10 ലക്ഷം, തിരുവല്ല റോഡ്‌സ് സെക്ഷനില്‍ 25 ലക്ഷം, പത്തനംതിട്ട റോഡ്‌സ് സെക്ഷനില്‍ വിവിധ റോഡുകളില്‍ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കായി 15 ലക്ഷം എന്നിങ്ങനെയാണ് തുക പ്രധാനമായി അനുവദിച്ചിട്ടുള്ളത്.
പത്തനംതിട്ട, റാന്നി, കോന്നി, അടൂര്‍ തുടങ്ങിയ റോഡ് സെക്ഷനുകളിലും വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുണ്ട്. റാന്നി റോഡ്‌സ് സെക്ഷനിലെ വിവിധ റോഡുകളില്‍ 25 ലക്ഷം, കോന്നി റോഡ്‌സ് സെക്ഷനില്‍ 15 ലക്ഷം, അടൂര്‍ റോഡ്‌സ് സെക്ഷനില്‍ 20.17 ലക്ഷം, വെണ്ണിക്കുളം റോഡ്‌സ് സെക്ഷനില്‍ 5 ലക്ഷം തുടങ്ങിയ തുകകള്‍ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
ളാഹ റോഡ്‌സ് സെക്ഷനിലെ വിവിധ റോഡുകളില്‍ സുരക്ഷാ നടപടികള്‍ക്കായി 25 ലക്ഷം, ഇരവിപേരൂര്‍ റോഡ്‌സ് സെക്ഷനില്‍ 15 ലക്ഷം, മല്ലപ്പള്ളി മേഖലയിലെ റോഡുകളില്‍ 18 ലക്ഷം, ഉള്‍പ്പെടെയുള്ള പദ്ധതികളും പത്തനംതിട്ട ജില്ലയുടെ വിഹിതത്തിലുണ്ട്.
നാഷണല്‍ ഹൈവേ 183 എ – മണ്ണാരക്കുളഞ്ഞി- പ്ലാപ്പള്ളി റോഡില്‍ 24.98 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു.
സ്റ്റേറ്റ് ഹൈവേ എട്ട്- കോന്നി- പ്ലാച്ചേരി റോഡിലെ പ്രവൃത്തികള്‍ക്കായി 37.04 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഇതോടെ ശബരിമലയിലേക്ക് എത്തുന്ന പ്രധാന പാതകളിലും തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന മറ്റ് പ്രധാന റോഡുകളിലും ആവശ്യമായ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന റോഡുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലഭിച്ച ഈ പ്രത്യേക ഫണ്ട് ജില്ലയുടെ റോഡ് സുരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഇടപെടലായി മാറും. വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നതോടെ ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലത്ത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്രാ സാഹചര്യം ഒരുക്കാനും സാധിക്കും.
എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്ക് റാന്നിയിൽ സമ്പൂർണ്ണം
- എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി പ്രവർത്തകർക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്ക് റാന്നിയിൽ പൂർണമായിരുന്നു സ്കൂൾ, കോളേജ്, പോളിടെക്‌നിക്, ഐ റ്റി ഐ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും പഠിപ്പ് മുടക്ക് നടത്തി
എസ് എഫ് ഐ റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.സി സ്കൂളിൽ നടത്തിയ പ്രതിഷേധം എസ്എഫ്ഐ ജില്ല കമ്മിറ്റി അംഗം അലൻ സാം ബിനു ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് കോളേജിൽ നടന്ന പ്രതിഷേധം ഏരിയ ജോ സെക്രട്ടറി കെ എസ് അഭിരാജ് ഉദ്ഘാടനം ചെയ്തുഏരിയ കമ്മിറ്റി അംഗങ്ങളായ ജോയൽ, മെൽബിൻ തുടങ്ങിയവർ സംസാരിച്ചു
പത്തനംതിട്ട വെച്ചുച്ചിറയിലുള്ള ജവഹർ നവോദയ : അപേക്ഷിക്കേണ്ട തീയതി നീട്ടി
പത്തനംതിട്ട വെച്ചുച്ചിറയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തിലേക്ക് 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
പരീക്ഷ 10 ഏപ്രിൽ 2027-ന് നടക്കും. അപേക്ഷകൾ 15 ഒക്ടോബർ 2026-നകം ഓൺലൈനായി സമർപ്പിക്കണം.
പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരും , ജില്ലയിലെ ഏതെങ്കിലും സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയത്തിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹത.
അപേക്ഷിക്കേണ്ട വെബ്സൈറ്റുകൾ:
9-ാം ക്ലാസ്: https://cbseitms.nic.in/2026/nvsix_9
11-ാം ക്ലാസ്: https://cbseitms.nic.in/2026/nvsxi_11
കൂടുതൽ വിവരങ്ങൾക്ക്: *ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04735 294263, 9400220039, 9591196535
പ്രിൻസിപ്പൽ

