Wednesday, October 7, 2026
HomeUncategorizedശബരിമല തീര്‍ഥാടനകാലത്തെ റോഡ് സുരക്ഷയ്ക്ക് പത്തനംതിട്ടയ്ക്ക് 4.25 കോടി

ശബരിമല തീര്‍ഥാടനകാലത്തെ റോഡ് സുരക്ഷയ്ക്ക് പത്തനംതിട്ടയ്ക്ക് 4.25 കോടി

16 റോഡ് സുരക്ഷാ പദ്ധതികള്‍ക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ഭരണാനുമതി-  നാളുകളായുള്ള ആവശ്യം യാഥാര്‍ഥ്യമായി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് റോഡുകളില്‍ തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ (കെ.ആര്‍.എസ്.എ.) ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ജില്ലയില്‍ ആവശ്യപ്പെട്ടുവരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക ഫണ്ട്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റോഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് അനുവദിക്കണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിച്ചുവരികയായിരുന്നു എന്നും ഇപ്പോള്‍ അതിന് ഭരണാനുമതി ലഭിച്ചത് പത്തനംതിട്ട ജില്ലയ്ക്ക് വലിയ നേട്ടമാണ് എന്നും ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഐഎഎസ് പറഞ്ഞു.

റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പായി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്ന് ജില്ല കലക്ടര്‍ അറിയിച്ചു. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഓരോ പ്രവൃത്തിക്കും പി.ഡബ്ല്യു.ഡി. മാനുവല്‍ പ്രകാരം ആവശ്യമായ കുറഞ്ഞ സമയപരിധിയില്‍ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്ന് കെ.ആര്‍.എസ്.എ. നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ ശബരിമല റോഡ് സുരക്ഷയ്ക്കായി പി.ഡബ്ല്യു.ഡി സമര്‍പ്പിച്ച 60 പദ്ധതികള്‍ക്ക് ആകെ 13.1992 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 16 പദ്ധതികള്‍ക്കായി 4.25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ വിവിധ റോഡ് സെക്ഷനുകളിലായി റോഡ് സുരക്ഷാ നടപടികള്‍, ട്രാഫിക് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കല്‍, അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാന പദ്ധതികള്‍

ഏറ്റവും കൂടുതല്‍ തുക മണ്ണാറക്കുളഞ്ഞിപമ്പ റോഡില്‍ റോഡ് സുരക്ഷാ നടപടികള്‍ക്കായിട്ടാണ് അനുവദിച്ചിരിക്കുന്നത്.  ഒരു കോടി രൂപ.

കോഴഞ്ചേരി റോഡ്‌സ് സെക്ഷനില്‍ വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം, പന്തളം റോഡ്‌സ് സെക്ഷനില്‍ 10 ലക്ഷം, തിരുവല്ല റോഡ്‌സ് സെക്ഷനില്‍ 25 ലക്ഷം, പത്തനംതിട്ട റോഡ്‌സ് സെക്ഷനില്‍ വിവിധ റോഡുകളില്‍ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കായി 15 ലക്ഷം എന്നിങ്ങനെയാണ് തുക പ്രധാനമായി അനുവദിച്ചിട്ടുള്ളത്.

പത്തനംതിട്ട, റാന്നി, കോന്നി, അടൂര്‍ തുടങ്ങിയ റോഡ് സെക്ഷനുകളിലും വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുണ്ട്. റാന്നി റോഡ്‌സ് സെക്ഷനിലെ വിവിധ റോഡുകളില്‍ 25 ലക്ഷം, കോന്നി റോഡ്‌സ് സെക്ഷനില്‍ 15 ലക്ഷം, അടൂര്‍ റോഡ്‌സ് സെക്ഷനില്‍ 20.17 ലക്ഷം, വെണ്ണിക്കുളം റോഡ്‌സ് സെക്ഷനില്‍ 5 ലക്ഷം തുടങ്ങിയ തുകകള്‍ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

ളാഹ റോഡ്‌സ് സെക്ഷനിലെ വിവിധ റോഡുകളില്‍ സുരക്ഷാ നടപടികള്‍ക്കായി 25 ലക്ഷം, ഇരവിപേരൂര്‍ റോഡ്‌സ് സെക്ഷനില്‍ 15 ലക്ഷം, മല്ലപ്പള്ളി മേഖലയിലെ റോഡുകളില്‍ 18 ലക്ഷം, ഉള്‍പ്പെടെയുള്ള പദ്ധതികളും പത്തനംതിട്ട ജില്ലയുടെ വിഹിതത്തിലുണ്ട്.

നാഷണല്‍ ഹൈവേ 183 എ – മണ്ണാരക്കുളഞ്ഞി- പ്ലാപ്പള്ളി റോഡില്‍ 24.98 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു.

സ്റ്റേറ്റ് ഹൈവേ എട്ട്- കോന്നി- പ്ലാച്ചേരി റോഡിലെ പ്രവൃത്തികള്‍ക്കായി 37.04 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ഇതോടെ ശബരിമലയിലേക്ക് എത്തുന്ന പ്രധാന പാതകളിലും തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന മറ്റ് പ്രധാന റോഡുകളിലും ആവശ്യമായ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന റോഡുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലഭിച്ച ഈ പ്രത്യേക ഫണ്ട് ജില്ലയുടെ റോഡ് സുരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഇടപെടലായി മാറും. വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നതോടെ ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലത്ത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്രാ സാഹചര്യം ഒരുക്കാനും സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments