Wednesday, October 7, 2026
HomeUncategorizedഖരമാലിന്യ പരിപാലന ചട്ടം: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ഖരമാലിന്യ പരിപാലന ചട്ടം: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

 

സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026 പ്രാദേശിക തലത്തില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള ബ്ലോക്ക്തല പരിശീലന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ല ശുചിത്വ മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ എട്ട് ബ്ലോക്കുകളില്‍ രണ്ട് ദിവസങ്ങളായി 16 സെഷനുകള്‍ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുമായിരുന്നു പരിശീലനം.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ദിവസേന 100 കിലോഗ്രാമില്‍ കൂടുതല്‍ ഖരമാലിന്യം ഉല്‍പാദിപ്പിക്കുന്നവര്‍, 20,000 ചതുരശ്ര മീറ്ററോ അതിലധികമോ നിര്‍മാണ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍, പ്രതിദിനം 40,000 ലിറ്ററിലധികം ജല ഉപഭോഗമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ ‘ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍’ പരിധിയിലാണ് ഉള്‍പ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പുതിയതായി ആരംഭിക്കുന്ന യൂണിറ്റുകളില്‍ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റിംഗ്, ബയോമെഥനേഷന്‍ തുടങ്ങിയ അംഗീകൃത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അനുമതി നല്‍കുന്നത്. കില ജില്ല ഫെസിലിറ്റേറ്റര്‍
പി ജെ താഹ, തദ്ധേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി കെ സയൂജ, ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ എം വിനീത്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി പ്രദീപ് തുടങ്ങിയവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments