Saturday, August 8, 2026
HomeUncategorizedഓപ്പറേഷൻ തൂഫാനിൽ പെരുമ്പെട്ടിയിൽ യുവാവിന് എം ഡി എം എ വില്പന നടത്തിയ ആൾ അറസ്റ്റിലായി

ഓപ്പറേഷൻ തൂഫാനിൽ പെരുമ്പെട്ടിയിൽ യുവാവിന് എം ഡി എം എ വില്പന നടത്തിയ ആൾ അറസ്റ്റിലായി

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ജില്ലയിലാകെ പുരോഗമിക്കവെ , ജില്ലയിലെ എം ഡി എം എ വിതരണ ശൃംഖലയിലെ ഒരാൾ കൂടി അറസ്റ്റിലായി. പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എഴുമറ്റൂർ എന്ന സ്ഥലത്ത് പുതുപ്പറമ്പിൽ വീട്ടിൽ സുമിത് മോഹൻ (37) ആണ് എറണാകുളത്തുനിന്നും പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ജൂൺ 28ന് എഴുമറ്റൂർ കൈമല എന്ന സ്ഥലത്ത് പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) എന്നയാളെ 1.590 ഗ്രാം എം ഡി എം എ യുമായി വീട്ടിൽ നിന്നും പിടികൂടിയിരുന്നു.
ഇയാളുടെ വീട്ടിൽ നിന്നും എംഡി എം എ ഉപയോഗിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. കൂടാതെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന പേരിലുള്ള വ്യാജ ഐഡന്റിറ്റി കാർഡും കണ്ടെടുത്തു.
റിമാൻഡിൽ ആയ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ കേസിലെ രണ്ടാം പ്രതിയും എംഡിഎംഎ വിൽപ്പനക്കാരനുമായ സുമിത് മോഹനനെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. തുടർന്ന് ഇയാൾക്കായുള്ള അന്വേഷണങ്ങൾ പോലീസ് വ്യാപിപ്പിച്ചു.
വിശദമായ അന്വേഷണത്തിൽ എറണാകുളം കളമശ്ശേരിയിൽ രണ്ടാംപ്രതി സുമിത് മോഹന്റെ സാന്നിധ്യം പോലീസ് മനസ്സിലാക്കുകയും കളമശ്ശേരി പോലീസിന്റെ കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പെരുമ്പെട്ടി ഇൻസ്പെക്ടർ എസ് എച്ച് ഒ സനിൽകുമാർ റ്റി.എസ് ന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ അനിരുദ്ധൻ , ഉണ്ണികൃഷ്ണൻ ,എഎസ് ഐ ഷെറീന അഹമ്മദ്, എസ് സി പി ഒ മാരായ രതീഷ് , സലാം കെ യൂസഫ് , സി പി ഒ മാരായ അഭിജിത്ത് , രാഹുൽ രവീന്ദ്രൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ജില്ലയിലേക്ക് എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന വൻകിട കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇയാളെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായ ചോദ്യം ചെയ്യലുകളും തെളിവെടുപ്പുകളും നടത്തുമെന്നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments