എറണാകുളം: ഗാനഗന്ധർവൻ യേശുദാസ് ജനിച്ചുവളർന്ന ഫോർട്ട്കൊച്ചിയിലെ പഴയ വീട് സംഗീത മ്യൂസിയമായി മാറുന്നു. ദാസേട്ടന്റെ ബാല്യവും സംഗീതയാത്രയും സ്മരിക്കുന്ന ഈ വീട് രണ്ടര പതിറ്റാണ്ടായി സംരക്ഷിച്ചുവരുന്നത് കലാസ്നേഹിയായ സി.എ. നാസറാണ്.
യേശുദാസിന്റെ അമ്മ നട്ട മാവ് ഇന്നും വീടിന്റെ ഭാഗമായി നിലകൊള്ളുന്നു. കെട്ടിടം പുതുക്കിപ്പണിതപ്പോഴും മാവിനെ സംരക്ഷിച്ചുവെച്ചത് നാസറിന്റെ പ്രത്യേക ശ്രദ്ധയാണ്. ഓരോ സന്ദർശനത്തിലും മാവിന് വെള്ളമൊഴിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
വീട് ഏറ്റെടുത്ത് മ്യൂസിയമാക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം ആറുകോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. എന്നാൽ, സ്വന്തം നിലയിൽ മ്യൂസിയം ഒരുക്കണമെന്നതാണ് നാസറിന്റെ നിലപാട്; സർക്കാരിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മ്യൂസിയത്തിന് പുറമെ, ‘ഗന്ധർവ വീഥി’ എന്ന പേരിൽ ഒരു സാംസ്കാരിക പാതയും നഗരസഭ ആലോചിക്കുന്നു. പുതിയ തലമുറയ്ക്ക് യേശുദാസിന്റെ സംഗീതപാരമ്പര്യം പരിചയപ്പെടുത്തുന്ന കേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി.
ഗാനഗന്ധർവൻ യേശുദാസ് ജനിച്ചുവളർന്ന ഫോർട്ട്കൊച്ചിയിലെ പഴയ വീട് സംഗീത മ്യൂസിയമായി മാറുന്നു
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നും യുവതീപ്രവേശനം പൂർണമായി എതിർക്കണമെന്നും പ്രഖ്യാപിച്ചു. മാർച്ച് 14ന് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ബോർഡ് അറിയിച്ചു. ആചാര്യന്മാരുടെയും വിശ്വാസികളുടെയും അഭിപ്രായം പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2018–19ൽ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന ബോർഡ് ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. അന്നത്തെ തീരുമാനം വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിവച്ചിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളുടെ വികാരം പരിഗണിച്ചുള്ള നീക്കമാണിതെന്ന രാഷ്ട്രീയ വിലയിരുത്തൽ ശക്തമാണ്. സർക്കാരിന്റെ നിലപാടായും ഇത് കാണപ്പെടുന്നുവെന്നാണ് വിലയിരുത്തൽ.
ഗള്‍ഫ് പ്രതിസന്ധി :പ്രവാസികൾക്കായി നോർക്ക ഹെൽപ്‌ഡെസ്‌ക്: 541 കോളുകൾ, അടിയന്തര ഇടപെടലുകൾ തുടരുന്നു
മലയാളികളായ പ്രവാസികൾക്കായി രൂപീകരിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്‌ഡെസ്‌കിലേക്ക് 2026 മാർച്ച് 1 ഞായറാഴ്ച വൈകിട്ട് 6 മണിവരെ ആകെ 541 കോളുകളാണ് ലഭിച്ചത്. ഇതിൽ 353 പേർ ഇന്ത്യയിൽ നിന്നുമാണ് ബന്ധപ്പെട്ടത്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള 188 കോളുകളും ലഭിച്ചു. യുഎഇയിൽ നിന്ന് 78, ഖത്തറിൽ നിന്ന് 49, ബഹ്റൈനിൽ നിന്ന് 39, കുവൈത്തിൽ നിന്ന് 12, ഒമാനിൽ നിന്ന് 5, സൗദി അറേബ്യയിൽ നിന്ന് 3, യുകെയിൽ നിന്ന് 2 എന്നിങ്ങനെയാണ് കണക്ക്.
നോര്‍ക്ക റൂട്സ് സെക്രട്ടറി ടി.വി. അനുപമയും സി ഇ ഒ അജിത് കോളശേരിയും നേതൃത്വം നൽകിയ തൈക്കാട് നോർക്ക സെന്ററിൽ ചേർന്ന അവലോകന യോഗത്തിൽ ലഭിച്ച വിവരങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാർ സംഘർഷ സാഹചര്യത്തെ തുടർന്ന് പാകിസ്ഥാനിലെ ജിന്ന അന്തരാഷ്ട്ര വിമാനതാവളത്തില്‍ കുടുങ്ങിയ സംഭവവും യോഗത്തിൽ ചർച്ചയായി. പാലക്കാട് സ്വദേശി കൃഷ് ദാസ് നാഗലൂർ, എറണാകുളം കാലടി സ്വദേശികളായ ഡോ. രശ്മി മേനോൻ, മൂന്ന് വയസുള്ള മകൾ സ്മൃതി എന്നിവരാണ് കുടുങ്ങിയവർ. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം തുടരുകയാണ്.
ബഹ്റൈനിൽ നിന്ന് അടിയന്തരമായി മരുന്നുകൾ ആവശ്യപ്പെട്ട് നിരവധി പ്രവാസികൾ നോർക്കയുമായി ബന്ധപ്പെട്ടു. ലോക കേരള സഭാംഗങ്ങളുടെ സഹകരണത്തോടെ ആവശ്യമായ സഹായങ്ങൾ എത്തിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബഹ്റൈനിൽ സർക്കാർ അഭയകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നതായും അതിന്റെ വിവരങ്ങൾ പ്രവാസികളിലേക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾക്ക് ആശ്വാസമായി നോർക്ക ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം ശക്തമായി തുടരുകയാണ്.
മുൻ ഡി ജി പി ആർ ശ്രീലേഖക്കെതിരെ കേസ്
ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് കേസ്. കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ.
2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്നും എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിയമസഭാ തെരെഞ്ഞെടുപ്പ്: പാലക്കാട് പയറ്റാൻ പിഷാരടി
പാർട്ടി നിർദേശിച്ചാൽ മത്സരിക്കും; നിലപാട് വ്യക്തമാക്കി രമേഷ് പിഷാരടിവരുന്ന നിയസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളാതെ സിനിമ താരം രമേഷ് പിഷാരടി.
നേതൃത്വത്തിൽ നിന്നും ഇതുവരെ അന്തിമമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പാർട്ടി നിർദേശിച്ചാൽ മത്സരിക്കാമെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ് പാർട്ടിയുടെ പേരിൽ പാലക്കാട് എന്നല്ല എവിടെയും മത്സരിക്കാൻ അവസരം ലഭിച്ചാലും അത് അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ നിർദേശിച്ചാലും ഇല്ലെങ്കിലും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിഷാരടിയുടെ പ്രതികരണം.
ആറ്റുകാൽ പൊങ്കാല ഇന്ന്: തലസ്ഥാനത്ത് പ്രാദേശികഅവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി
സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9:45ന് പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകള്‍ ആരംഭിക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇത്തവണയും പൊങ്കാലയര്‍പ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. ആറ്റുകാൽ പൊങ്കാലയും ചന്ദ്രഗ്രഹണവും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.
ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
ശങ്കേഴ്സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ, കോൺഗ്രസ് യു വിഭാഗത്തിൽ എത്തി. 1979-80 കാലത്ത് എഐസിസി (യു) ജനറൽ സെക്രട്ടറിയായിരുന്നു. 1980-ല്‍ എഐസിസി (എസ്) ജനറൽ സെക്രട്ടറിയായി. രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്സ് ഇടപാടിലെ അഴിമതി എന്നിവ പുറത്തുകൊണ്ട് വന്നു. വി പി സിങ് മന്ത്രിസഭയിൽ ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയായി (ഉപരിതല ഗതാഗതം, ടെലികോം വകുപ്പുകൾ). ഗൾഫ് യുദ്ധ കാലത്ത് പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1993 ൽ കോൺഗ്രസിൽ തിരിച്ചെത്തി
ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ ആഹ്വാനം നൽകി പാളയം ഇമാം ഡോ.സുഹൈബ് മൗലവി.
ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം; മസ്ജിദുകൾ തുറന്നു കൊടുക്കണമെന്ന് പാളയം ഇമാം
മാര്‍ച്ച് മൂന്നിനാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരത്തെ നഗരവീഥി മുഴുവന്‍ പെങ്കാല അടുപ്പ് നിറയുന്ന ഉത്സവം ഇത്തവണ റമസാന്‍ മാസത്തിലാണ്.
പൊങ്കാലക്കെത്തുന്നവരുടെ നല്ല ആതിഥേയരാകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കലക്കെത്തുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകണം. അവർക്കായി മസ്ജിദുകളും വീടുകളും തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പൊങ്കാലയോട് അനുബന്ധിച്ച് സഹോദരികളും കുട്ടികളും തിരുവനന്തപുരത്തേക്ക് അതിഥികളായി എത്തും. അവരുടെ ഏറ്റവും മികച്ച ആതിഥേയരാകാന്‍ നമുക്ക് സാധിക്കണം.
റമദാനിലാണ് ഈ വര്‍ഷം പൊങ്കാല. കഴിഞ്ഞ വര്‍ഷവും അങ്ങനെ തന്നെയായിരുന്നു. റമദാനിന്‍റെതായ സന്തോഷത്തിന്‍റെ സാഹോദര്യത്തിന്‍റെ സ്നേഹത്തിന്‍റെ അനുഭവം അവർക്ക് സമ്മാനിക്കാന്‍ സാധിക്കണം. കുടിവെള്ളവും റമദാന്‍ വിഭവങ്ങള്‍ അതിഥികൾക്ക് സമ്മാനിക്കണം. വിശ്രമിക്കാന്‍ സൗകര്യം നൽകണം. മസ്ജിദും വീടുകളും എല്ലാം അവരുടെ മുന്നില്‍ തുറക്കണം.
പാളയം ഇമാമിന്റെ ആഹ്വാനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ലഭിക്കുന്നത്.
ശബരിമല: കൊടിമര പുനഃപ്രതിഷ്ടയ്ക്ക് സ്വർണ്ണം സംഭാവനനൽകിയതായി മോഹൻ ലാൽ
ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി. സുഹൃത്ത് സ്വർണം ശബരിമലയിൽ എത്തിച്ചെന്നും മോഹൻലാൽ മൊഴി നൽകി. മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.
തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണം സുഹൃത്ത് വഴിയാണ് ശബരിമലയിൽ എത്തിച്ചത്. സുരേഷ്‌ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. നിലവിൽ മോഹൻലാലിൻറെ മൊഴിയുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഓരോരുത്തരും എത്രത്തോളം സ്വർണം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂർണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത ലഭിക്കൂ.
വെള്ളാപ്പള്ളിക്ക് പത്മവിഭൂഷൻ: അർഹതയില്ലാത്ത ആദരം തടയണമെന്ന് ഹർജി
വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ആവശ്യം. ശ്രീ നാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
മാരാരിക്കുളം പോലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും.മൈക്രോ ഫിനാൻസ് കേസുകളിലും എസ്.എൻ് ട്രസ്റ്റ് കോളേജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു. ഹർജിയിൽ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാറിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

