കോന്നിയിൽ ഇക്കഴിഞ്ഞ തിരുവോണ ദിനത്തിൽ അയൽവാസികളായ മൂന്നു പേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോന്നി വെട്ടൂർ റേഡിയോ ജംഗ്ഷൻ എന്ന സ്ഥലത്ത് ലക്ഷംവീട് ഉന്നതിയിൽ സിദ്ദിഖ് (35) എന്ന ആളാണ് പിടിയിലായത്.
ഓഗസ്റ്റ് 26 തിരുവോണ ദിനത്തിൽ രാത്രി 9 മണിയോടെ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ ആയിരുന്നു ഇയാൾ അയൽവാസികളായ മൂന്നു പേരെ കയ്യിലും തലക്കും മുഖത്തും വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രഭാകരൻ മനോജ് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലും , ദീപു എന്നയാളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്ന് ദീപുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് ഒന്നാം പ്രതിയായ സുധീഷിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തിനുശേഷം ഒളിവിൽ പോയ രണ്ടാംപ്രതി സിദ്ദിഖിനെ ആണ് ഇപ്പോൾ കോന്നി പോലീസ് പിടികൂടിയത്. ഇപ്പോൾ അറസ്റ്റിൽ ആയിട്ടുള്ള സിദ്ദീഖ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ നാല് ക്രിമിനൽ കേസുകളിലും മലയാലപ്പുഴ, രാമപുരം , കോന്നി സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഇയാൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്.
കോന്നി സർക്കിൾ ഇൻസ്പെക്ടർ കിരൺ വി എസ് , എസ് സി പി ഒ മാരായ പ്രസൂൺ , പ്രശാന്ത് , അരുൺ , സി പി ഒ വിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അയൽവാസികളായ മൂന്നുപേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽപോയ പ്രതിയെ കോന്നി പോലീസ് പിടികൂടി
RELATED ARTICLES

